Thursday, February 16, 2017

കതിവനൂര്‍ വീരന്‍

മാങ്ങാടുള്ള കുമാരപ്പനും ചക്കിയമ്മയ്ക്കും ഏറെ നാളത്തെ പ്രാര്‍ത്ഥനയുടെ ഫലമായി ഒരു ആണ്‍കുഞ്ഞു പിറന്നു .അവനെ അവര്‍ മന്ദപ്പനെന്നു നാമകരണം ചെയ്തു .വളരെയധികം ലാളനയോടുകൂടി വളര്‍ന്ന മന്ദപ്പന്‍ കൂട്ടുകാരോടൊന്നിച്ചു നായാടി നടന്നു കാലം കഴിച്ചു .വലുതായിട്ടും ജോലി ഒന്നും ചെയ്യാതെ ഈ നായാട്ടു ശീലം തുടര്‍ന്നപ്പോള്‍ കുമാരപ്പന്‍ പുത്രനെ ശാസിച്ചു .പക്ഷെ മന്ദപ്പന്‍ തന്റെ ജീവിത ശൈലിയില്‍ ഒരു മാറ്റവും വരുത്തിയില്ല .ഒരു ദിവസം വിശന്നു വലഞ്ഞുവന്ന മന്ദപ്പന്‍ ഭക്ഷണത്തിന് വേണ്ടി ഇരുന്നപ്പോള്‍ “നിനക്ക് നാണമുണ്ടോ ഇങ്ങനെ ജോലിചെയ്യാതെ തിന്നുമുടിക്കാന്‍” എന്ന് പറഞ്ഞു കുമാരപ്പന്‍ മകനെ അടിക്കാന്‍ തുനിഞ്ഞു.കോപം പൂണ്ട മന്ദപ്പന്‍ തന്റെ ആയുധങ്ങളുമെടുത്തു വീട് വിട്ടിറങ്ങി.വഴിയില്‍ വിശ്രമിക്കാന്‍ ഇരുന്ന മന്ദപ്പന്‍,കാളകളെയും തെളിച്ചു വരുന്ന തന്റെ കൂട്ടുകാരെ കണ്ടു.കുടകിലെക്കാണ് അവര്‍ പോകുന്നതെന്ന് മനസ്സിലാക്കിയ അവന്‍ അവരോടു താനും കൂടെവരാമെന്ന് പറഞ്ഞു .മടിയനായ ഇവനെ കൂടെകൂട്ടിയാല്‍ നമുക്കുള്ള ആഹാരം പോലും ഇവന്‍ തിന്നുമുടിക്കും ഒരുപണിയും എടുക്കുകയുമില്ല എന്ന് മനസ്സില്‍ തോന്നിയ കൂട്ടുകാര്‍ മന്ദപ്പനെ ഒഴിവാക്കാന്‍ പലതും പറഞ്ഞു നോക്കി .പക്ഷെ അതൊന്നും ഫലവത്തായില്ല .ഒടുവില്‍ അവര്‍ കൂടെകൂട്ടാം എന്ന് സമ്മതിച്ചു .പക്ഷെ  വഴിയില്‍ എവിടെയെങ്കിലും വച്ചു ഇവനെ ഉപേക്ഷിക്കണമെന്നും അവര്‍ തീരുമാനിച്ചിട്ടുണ്ടായിരുന്നു.

കുറച്ചു ദൂരം മുന്നോട്ടു നടന്ന ഉടന്‍ ഒറ്റക്കാഞ്ഞിരം* തട്ടെന്ന സ്ഥലത്ത് എത്തിയപ്പോള്‍ അവര്‍ കള്ളുകുടിക്കാന്‍ ആരംഭിച്ചു .മന്ദപ്പനെ അവര്‍ കള്ള് കൊടുത്തു മയക്കി.അല്‍പ്പസമയം കഴിഞ്ഞു ഉണര്‍ന്ന മന്ദപ്പന് കൂട്ടുകാരുടെ ചതി മനസ്സിലായി .ആരും തനിക്ക് തുണയില്ലെന്ന് തോന്നിയ അവന്‍ അവിടെ വച്ച് "ഇനി മറഞ്ഞു മാങ്ങാട്ടെക്കില്ല" എന്നു പ്രതിജ്ഞയെടുത്ത് കുടകിലേക്ക് പുറപ്പെട്ടു.വഴിയില്‍ വച്ചു കൂട്ടുകാരും മന്ദപ്പനും തമ്മില്‍ കണ്ടെങ്കിലും ഒന്നുമുരിയാടാതെ  യാത്ര തുടര്‍ന്നു.കുടകിലെത്തി മന്ദപ്പന്‍ നേരെ പോയത് കതിവനൂരുള്ള തന്റെ അമ്മാവന്റെ വീട്ടിലേക്കായിരുന്നു .അവിടെ മന്ദപ്പനെ അമ്മായി തന്റെ മകനെപോലെ വളര്‍ത്തി .അമ്മാവന്‍ അവനെ ആയോധനമുറകള്‍ പഠിക്കാന്‍ അയച്ചു .കളരിയില്‍ ഗുരുക്കളുടെ അടുത്തു നിന്നും വളരെ വേഗം അവന്‍ വിദ്യകള്‍ ഓരോന്നായി പഠിച്ചെടുത്തു .
ഒരിക്കല്‍ ദാഹിച്ചു വലഞ്ഞു വന്ന മന്ദപ്പന്‍, വഴിയരികിലുള്ള കിണറില്‍ നിന്നും വെള്ളം കോരിയെടുത്തു കൊണ്ടിരുന്ന ചെമ്മരത്തിയോടു ദാഹജലത്തിനു ചോദിക്കുകയും ചെമ്മരത്തി കൊടുത്ത വെള്ളം അമൃതെന്നപോലെ കുടിക്കുകയും ചെയ്തു .അവളോട്‌ മന്ദപ്പന് പ്രണയം തോന്നി .അമ്മാവന്റെയും അമ്മായിയുടെ അനുഗ്രഹത്തോടെ ചെമ്മരത്തിയെ മന്ദപ്പന്‍ വിവാഹം കഴിച്ചു .സന്തോഷത്തോടെ ജീവിതം മുന്നോട്ടു പൊയ്ക്കൊണ്ടിരുന്ന കാലത്താണ് ചെമ്മരത്തിക്ക് മന്ദപ്പന്‍ ജോലി ചെയ്യാന്‍ മടിയനാണ് എന്നുള്ള വിവരം മനസ്സിലായത് .അത് അവര്‍ തമ്മില്‍ ചെറിയ ചെറിയ വാക്കേറ്റമുണ്ടാകാന്‍ കാരണമായി .പക്ഷെ രണ്ടുപേര്‍ക്കും ഉള്ളില്‍ സ്നേഹമുണ്ടായിരുന്നു .മന്ദപ്പന്റെ മടിമാറാന്‍ ചെമ്മരത്തി അവനെ എള്ള്മുതിച്ചു എണ്ണയുണ്ടാക്കാന്‍ അങ്ങാടിയിലെക്കയച്ചു .

അങ്ങാടിയില്‍ പോയി തിരിച്ചു വരാന്‍ വൈകിയ സുന്ദരനായ മന്ദപ്പനെ അവള്‍ക്ക് സംശയമായി .വൈകി വിശന്നു വലഞ്ഞു വന്ന മന്ദപ്പനോട് “എണ്ണ വിറ്റുകിട്ടിയ പണംകൊണ്ട് ഏതു പെണ്ണിന്റെ പുറകെ പോയെന്നു” അവള്‍ ചോദിച്ചു.കലഹമില്ലാതിരിക്കാന്‍ മറുപടിയൊന്നും പറയാതെ മന്ദപ്പന്‍ ചോറുണ്ണാനിരുന്നു .ആദ്യ പിടിചോറില്‍ മുടികിട്ടി .അതുകളഞ്ഞു രണ്ടാം പിടിച്ചോറെടുത്തപ്പോള്‍ യുദ്ധകാഹളം കേട്ടൂ.കുടകര്‍ മലയാളത്താന്‍മാരെ ആക്രമിക്കാന്‍ വരുന്നു!!.പടപ്പുറപ്പാട് കേട്ടിട്ടും ഭക്ഷണം കഴിക്കുന്നത് വീരന് ചേര്‍ന്നതല്ല എന്നുമനസ്സില്‍ കരുതിയ മന്ദപ്പന്‍ തന്റെ ആയുധങ്ങളുമെടുത്തു പടയ്ക്കിറങ്ങാന്‍ ഒരുങ്ങി .തല വാതിലിനു മുട്ടി ചോര വന്നു .അതുകണ്ട ചെമ്മരത്തി “പടയ്ക്കിറങ്ങുമ്പോള്‍ ചോര കണ്ടാല്‍ മരണമുറപ്പെ”ന്നു പറഞ്ഞു .എന്നിട്ടും മന്ദപ്പന്‍ ഒന്നും പറഞ്ഞില്ല .അപ്പോള്‍ അവള്‍ തന്റെ സംസാരം തുടര്‍ന്നുകൊണ്ടിരുന്നു .

“ആറുമുറിഞ്ഞ് അറുപത്താറു ഖണ്ഡമാകും .നൂറുമുറിഞ്ഞ് നൂറ്റിയെട്ടു തുണ്ടാമാകും .കണ്ട കൈതമേലും മുണ്ടമേലും മേനി വാരിയെറിയും കുടകന്‍” തുടങ്ങി ശാപവാക്കുകള്‍ അവള്‍ ഉരുവിട്ടു.നീ പറഞ്ഞതെല്ലാം സത്യമാകട്ടെ എന്ന് പറഞ്ഞു ഒരു മന്ദഹാസത്തോട് കൂടി മന്ദപ്പന്‍ അവിടെ നിന്നും പുറപ്പെട്ടു .വഴിയില്‍ വച്ച് മച്ചുനനെ കണ്ടു .താന്‍ “മരിച്ചാല്‍ ഇവിടെയുള്ള വാഴകള്‍ മുഴുവന്‍ അന്ന് തന്നെ കുലയ്ക്കുമെന്നു” പറഞ്ഞു .പാറിപറന്നു പടയ്ക്ക് പോയി .

മലയാളത്താന്‍മാര്‍ മന്ദപ്പന്റെ സഹായത്തോടു കൂടി കുടകരെ തോല്‍പ്പിച്ചു .അവര്‍ മന്ദപ്പന്റെ തങ്ങളുടെ രക്ഷകനായി കണ്ടു .അവര്‍ അവനെ വാനോളം പുകഴ്ത്തി .വിവരമറിഞ്ഞ അമ്മാവനും അമ്മായിയും സന്തോഷിച്ചു .ശാപവാക്കുകള്‍ ഉരുവിട്ടു പോയ ചെമ്മരത്തി ഭക്ഷണമൊരുക്കി തന്റെ പ്രിയനെ കാത്തിരുന്നു .തന്റെ നാക്കില്‍ നിന്നും വീണുപോയ വാക്കുകളെക്കുറിച്ച് അവള്‍ക്ക് അതിയായ ദുഃഖം തോന്നി .എങ്കിലും അവന്‍ തിരിച്ചു വരുന്നതിന്റെ,പട ജയിച്ചു വരുന്നതിന്റെ സന്തോഷം അവള്‍ക്കുണ്ടായിരുന്നു .പക്ഷെ ആ സന്തോഷം അധികം നീണ്ടു നിന്നില്ല .ഒറ്റയ്ക്ക് വീട്ടിലേക്കുള്ള യാത്രാമദ്ധ്യേ പക പിടിച്ച കുടകര്‍ ഒളിച്ചിരുന്ന് ചതിയിലൂടെ മന്ദപ്പനെ തുണ്ടം തുണ്ടമാക്കി അരിഞ്ഞു വീഴ്ത്തി .ചെമ്മരത്തിക്ക് ദുഃഖം സഹിക്കാന്‍ കഴിഞ്ഞില്ല.തന്റെ ശാപവാക്കുകള്‍ ഫലിച്ചതുകണ്ട് അവള്‍ ഉച്ചത്തില്‍ അലമുറയിട്ട് കരഞ്ഞു .മച്ചുനനോട് മന്ദപ്പന്‍ പറഞ്ഞത് പോലെ കതിവനൂര്‍ അമ്മാവന്റെ വീട്ടില്‍ മന്ദപ്പന്‍ വച്ച എല്ലാ വാഴയും അന്ന് തന്നെ കുലച്ചു .താന്‍ ചെയ്തുപോയ കുറ്റത്തിന് പ്രയശ്ചിത്തമെന്നോണം ചെമ്മരത്തി മന്ദപ്പന്റെ ചിതയില്‍ ചാടി ആത്മഹത്യ ചെയ്തു.കുടകര്‍ തുണ്ടം തുണ്ടമായി അരിഞ്ഞു വീഴ്ത്തിയ ദേഹത്തിലെ ഓരോ കഷണങ്ങളും അവിടെ നിന്നും ജീവന്‍ വച്ചത് പോലെ അനങ്ങി .വീരനായ അവന്‍ ദൈവക്കരുവായി മാറിയെന്നു അവര്‍ക്ക് മനസ്സിലായി .മന്ദപ്പനെ കതിവനൂര്‍ പടിഞ്ഞാറ്റയില്‍ വച്ചു ദൈവമായി കണ്ടവര്‍ ആരാധിച്ചു .

0 comments:

Post a Comment

Popular Posts

Categories

Text Widget

Blog Archive

Search This Blog

Powered by Blogger.

Blogger Pages

Total Pageviews

Text Widget

സുഹൃത്തെ , ഈ പേജിൽ കാണുന്ന കഥകൾ എനിക്ക് പല ഓണ്‍ലൈൻ മീഡിയ യിൽ നിന്നും കിട്ടിയതാണ്.അഭിപ്രായങ്ങളും നിർദേശങ്ങളും അറിയിക്കുക

Subscribe Us

മഹാഭാരതകഥകൾ

Followers

All Time Popular

Copyright © ഹിന്ദു പുരാണവും ഐതീഹ്യവും കഥകളും | Powered by Blogger
Design by Saeed Salam | Blogger Theme by NewBloggerThemes.com | Distributed By Gooyaabi Templates