Thursday, February 16, 2017

ഭഗവാൻ പൂന്താനത്തെ കൊള്ളക്കാരിൽനിന്നും രക്ഷിച്ച കഥ


വളരെ പ്രചാരമുള്ള ഐതിഹ്യമാണ് ഭഗവാൻ പൂന്താനത്തെ കൊള്ളക്കാരിൽനിന്നും രക്ഷിച്ച കഥ. മഹാകവി വള്ളത്തോൾ "ആ മോതിരം" എന്ന പേരിൽ ഒരു കവിതക്ക് വിഷയമാക്കിട്ടിട്ടുണ്ട്. വാർദ്ധക്യസഹജമായ ചില്ലറ അവശതകൾ ബാധിച്ചിട്ടും ഗുരുവായൂർ തിങ്കൾ തൊഴീൽ (മാസംതോറുമുള്ള ദർശനം) മുടക്കാൻ പൂന്താനത്തിനു മനസ്സ് വന്നില്ല. ഒരിക്കൽ അങ്ങാടിപ്പുറത്തുള്ള തന്റെ ഇല്ലത്തുനിന്നും പുറപ്പെട്ട് പൂന്താനം ഗുരുവായൂർക്ക് നടന്നു. സമയം സന്ധ്യ മയങ്ങാറായപ്പോഴാണ് പെരുമ്പിലാവ് പ്രദേശത്തെത്തിയത് അന്ന് അവിടം കുറ്റിക്കാടുകൾ നിറഞ്ഞ ഒരു വിജന പ്രദേശമായിരുന്നു. അപ്പോഴാണ് ആയുധധാരികളായ നാലുപേർ പെട്ടെന്ന് അദ്ദേഹത്തിന്റെ മുമ്പിൽ ചാടി വീണത്. ഒരുത്തൻ ആ പാവത്തിന്റെ കൈകൾ കൂട്ടിപ്പിടിച്ചു. മറ്റവൻ ഭാണ്ഡം കരസ്ഥമാക്കി. ആകെ പരിഭ്രമിച്ചു അവശനായ പൂന്താനം കണ്ണടച്ചുകൊണ്ടു ഗുരുവായൂരപ്പനെ ഉറക്കെ വിളിച്ചു കരഞ്ഞു. "കരുണാമയനായ ഗുരുവായൂരപ്പാ! അവിടുത്തെ ഭക്തയായ ദ്രൗപദിയെ അപമാനത്തിൽ നിന്നും രക്ഷിപ്പാൻ അങ്ങേക്ക് എന്ത് ധൃതിയായിരുന്നു.! നക്രഗ്രസ്തനായ ഗജേന്ദ്രനെ രക്ഷിക്കാനും അങ്ങ് അമാന്തിച്ചില്ല. സാധുവും വൃദ്ധനുമായ ഈ ഭക്തനെ ഈ കാട്ടാളന്മാർ ആക്രമിക്കുന്നത് കണ്ടിട്ടും അങ്ങയുടെ ധൃതി എവിടെപ്പോയി !"
"യാത്വരാ ദ്രൗപതീത്രാണേ 
യാത്വരാ ഗജരക്ഷണേ
മയ്യാർത്താ കരുണാസിന്ധോ
സാ ത്വരാ ക്വ ഗതാ ഹരേ!" എന്ന് വള്ളത്തോൾ
താമസമുണ്ടായില്ല. അതാ കുതിരയുടെ കുളമ്പടി കേൾക്കുന്നു. ഊരിപ്പിടിച്ച വാളുമായി പടനായകനായ മങ്ങാട്ടച്ചൻ ഒരു പച്ചക്കുതിരപ്പുറത്തു നിന്ന് താഴെ ചാടിയിറങ്ങുന്നു. ഭയഭീതരായ കള്ളന്മാർ എല്ലാം ഇട്ടേച്ചു പാലായനം ചെയ്യുന്നു. ധ്യാനത്തിൽ നിന്നും പതുക്കെ കണ്ണ് തുറന്ന പൂന്താനത്തിന്റെ മുമ്പിൽ കരവാളും കുനിഞ്ഞ ശിരസ്സുമായി മങ്ങാട്ടച്ചൻ നിൽക്കുന്നതാണ് കണ്ടത്. രണ്ടുകൈയ്യും പൊക്കി ആ ശുദ്ധഹൃദയൻ സാമൂതിരിപ്പാടിൻറെ സേനാനായകനെ അനുഗ്രഹിച്ചു. സന്തോഷസൂചകമായി തന്റെ വിരലിൽ കിടന്നിരുന്ന മോതിരം ഊരിക്കൊണ്ട് അദ്ദേഹത്തിന്റെ നേരെ നീട്ടി. ഒട്ടും മടി  കൂടാതെ മങ്ങാട്ടച്ചൻ അത് സ്വീകരിച്ചു് ചാട്ടുകുളം വരെ പൂന്താനത്തെ അനുഗമിച്ചുകൊണ്ടു പറഞ്ഞു. "തിരുമേനീ, സൂക്ഷിക്കണേ അങ്ങേയ്ക്കു വയസ്സായി ഇനിമേൽ ഇല്ലാത്തിരുന്നുകൊണ്ടുതന്നെ ഗുരുവായൂരപ്പനെ ഭജിച്ചാൽ മതി. അങ്ങുള്ളിടത്ത് ഗുരുവായൂരപ്പനും ഉണ്ടാകും". നന്ദിപൂർവ്വം പൂന്താനം മങ്ങാട്ടച്ചന് വിറ്റ നൽകി. കഷ്ടം ആർത്തത്രാണനത്തിനു മങ്ങാട്ടച്ചനെപ്പോലെ യോഗ്യനായ ഒരാൾ ഒരു ദരിദ്ര ബ്രാഹ്മണനിൽ നിന്നും പാരിതോഷികം വാങ്ങിയെന്നോ! മോശമായി എന്ന് തോന്നുന്നില്ലേ! അന്ന് രാത്രി ഗുരുവായൂർ മേൽശാന്തിക്ക് സ്വപ്നദർശനമുണ്ടായി. നാളെ പൂന്താനം തൊഴാൻ വരും. എന്റെ ബിംബത്തിന്മേൽ അദ്ദേഹത്തിന്റെ മോതിരം കാണും. അത് അദ്ദേഹത്തിന് കൊടുക്കണം. ഇന്നലെ അത് പൂന്താനം എനിക്ക് തന്നതാണ്. സ്വപ്നത്തിനുശേഷം മേൽശാന്തിക്ക് ഉറക്കം വന്നില്ല. നിർമ്മാല്യം തൊഴാനെത്തിയവരുടെ കൂട്ടത്തിൽ പൂന്താനവുമുണ്ട്. സോപാനപ്പടിമേൽത്തന്നെ നിൽക്കുന്നു. മേൽശാന്തി ബിംബത്തിൽ നിന്നും മോതിരമൂരിക്കൊണ്ടു പ്രസാദത്തിന്റെ കൂടെ പൂന്താനത്തിന്റെ കൈയ്യിൽ കൊടുത്തു. അത്ഭുതം കൊണ്ട് കണ്ണുമിഴിച്ച പൂന്താനത്തോനോട് മേൽശാന്തി ചോദിച്ചു.

 "ഈ മോതിരം അങ്ങ് ഇന്നലെ ഗുരുവായൂരപ്പന് കൊടുത്തത് തന്നെയല്ലേ!" ആനന്ദ ബാഷ്പത്താൽ പൂന്താനത്തിന് ഒന്നും കാണാൻ കഴിഞ്ഞില്ല. അദ്ദേഹം ഉറക്കെ കരഞ്ഞു. ഗദ്ഗദകണ്ഠനായിക്കൊണ്ട് ഇത്രയും പറഞ്ഞു. "ഹേ ഗുരുവായൂരപ്പാ! ഈ എളിയവനുവേണ്ടി അങ്ങ് മങ്ങാട്ടച്ചനായി ഒരവതാരം കൂടി കൈക്കൊണ്ടു. പതിനൊന്നാമതായിട്ടുള്ള അവതാരം". അവിടെക്കൂടി നിന്നിരുന്ന ഭക്തജനങ്ങളോട് പൂന്താനം തലേന്നാളത്തെ സംഭവം വിവരിച്ചു പറഞ്ഞു. തൊഴുതുപുറത്തുവന്നപ്പോൾ മഞ്ജുളാലിന്റെ പരിസരത്തു കരിമുട്ടിപോലെ കറുത്ത ദീർഘകായരായ നാലുപേരെ കയറിട്ടുകൊണ്ടു വന്നിരിക്കുന്നു. ആളും ബഹളവും കണ്ട് അവിടെ ചെന്ന പൂന്താനം അവരെ തിരിച്ചറിഞ്ഞു. അവർ തലേന്ന് രാജഭടന്മാരുടെ വലയിൽ വീണതാണ്. ഉന്നതാധികാരിയോട് പൂന്താനം പറഞ്ഞു

"ഇവരെ എനിക്കറിയാം ബുദ്ധിയില്ലായ്മകൊണ്ടും ദാരിദ്രം കൊണ്ടും ഇവർ പാപങ്ങൾ ചെയ്യുന്നുവെന്നേയുള്ളൂ. ഗുരുവായൂരപ്പന്റെ നടക്കലെത്തിയ ഇവർ പാപവിമുക്തരായിക്കഴിഞ്ഞു. ഇവരെ വെറുതെ വിടാൻ അപേക്ഷയുണ്ട്". 
ഭക്തോത്തമനായ ആ സുകൃതിയുടെ വാക്കു കേട്ട് ആ കൊള്ളക്കാരെ സ്വാതന്ത്രരാക്കി വിട്ടു. ആ മഹാശയന്റെ മുമ്പിൽ സാഷ്ടാംഗം പ്രണമിച്ചു കൊണ്ട് അവർ മാപ്പിരന്നു. യഥാർത്ഥത്തിൽ അവർക്കു ആ സംഭവത്തിൽ മന:പരിവർത്തനം സംഭവിച്ചിരുന്നു. ശിഷ്ടജീവിതം അവർ ശ്രേഷ്ഠന്മാരായിത്തന്നെ ജീവിതം നയിച്ചു പൊന്നു എന്നാണ് ഐതിഹ്യം.

0 comments:

Post a Comment

Popular Posts

Categories

Text Widget

Blog Archive

Search This Blog

Powered by Blogger.

Blogger Pages

Total Pageviews

Text Widget

സുഹൃത്തെ , ഈ പേജിൽ കാണുന്ന കഥകൾ എനിക്ക് പല ഓണ്‍ലൈൻ മീഡിയ യിൽ നിന്നും കിട്ടിയതാണ്.അഭിപ്രായങ്ങളും നിർദേശങ്ങളും അറിയിക്കുക

Subscribe Us

മഹാഭാരതകഥകൾ

Followers

All Time Popular

Copyright © ഹിന്ദു പുരാണവും ഐതീഹ്യവും കഥകളും | Powered by Blogger
Design by Saeed Salam | Blogger Theme by NewBloggerThemes.com | Distributed By Gooyaabi Templates