Thursday, February 16, 2017

ഭദ്രകാളി

ഭദ്രകാളി അമ്മ, ഭക്തര്‍ അമ്മേ എന്ന് വിളിച്ചാരാധിക്കുന്ന കാളീ സങ്കല്‍പത്തിനെ കുറിച്ച് കുറച്ച് മനനം നടത്താം*

കാളുന്നവള്‍ കാളി എന്നാണ് കാളി നാമത്തിന്റെ അര്‍ത്ഥം. അതില്‍ നിന്നുതന്നെ കാളിക്ക് രൂപം ഇല്ല എന്നു താല്‍പര്യം. അപ്പോള്‍ നമ്മള്‍ കാണുന്ന കാളീ രൂപത്തിന്റെ അര്‍ത്ഥം എന്താണ് ? രൂപത്തിന് അപ്പുറം എന്താണ് അര്‍ത്ഥം ഉള്ളത്?

കാളി എന്നത് ശരിക്കും ബ്രഹ്മം സങ്കല്‍പം തന്നെയാണ്. നാം കാളിയെ അറിയുന്നത് അനുസരിച്ച് കാളി നമ്മളില്‍ കാളുന്നു. ശരിക്കും കാളീരൂപം ശ്രദ്ധിച്ചാല്‍ ധാരാളം കൈകളും, ഓരോ കൈകളിലും ഓരോരോ ആയുധങ്ങളും, ഉദാഹരണത്തിന് വാള്‍, ശൂലം, കുന്തം, സര്‍പ്പം തുടങ്ങിയ അനേകം അനേകം ആയുധങ്ങള്‍ കൂടാതെ അറുത്ത് എടുത്ത ദാരികന്റെ തലയും, രക്തം ശേഖരിക്കുന്ന പാത്രവും, മുണ്ഡന മാലയും, കരങ്ങളാല്‍ കോര്‍ത്ത പാവാടയും, നീണ്ട നാവും, ചിതറി നിറഞ്ഞു കിടക്കുന്ന തലമുടികളും,ചലനാത്മകം ആയ പാദങ്ങളും, ഒരു പാദം മഹാശിവന്റെ നെഞ്ചത്തും ആയി നില്‍ക്കുന്ന ആ ഭദ്രകാളീ തത്വം എന്താണ്?

കാളിയമ്മയുടെ നിറം കടുംനീലയും കറുപ്പുമാണ്, ഈ രണ്ട് നിറവും നിഗൂഢത അനന്തത എന്നിവയെ സൂചിപ്പിക്കുന്നു,കടലും നീലാകാശവും ഇതിന് ഉദാഹരണം ആണല്ലോ, അതുപോലെ തന്നെയാണ് കാളിയമ്മ, അനന്തതയുടെ പ്രതീകം തന്നെയാണെന്ന് സാരം.

അമ്മയുടെ കാര്‍കൂന്തല്‍ ഇടതടവില്ലാതെ നിറഞ്ഞു കിടക്കുന്നു, ആ കാര്‍കൂന്തല്‍ ഒരിക്കലും എണ്ണി തിട്ടപ്പെടുത്തുവാന്‍ സാധ്യമല്ല. ഓരോ രോമവും ദേവിയുടെ അനന്തമായ ഗുണങ്ങളെ ആണ് സൂചിപ്പിക്കുന്നത്, അങ്ങനെ നോക്കിയാല്‍ കാളിയമ്മയുടെ ഗുണങ്ങള്‍ ആര്‍ക്കും വര്‍ണ്ണിക്കാനോ മനസ്സിലാക്കാനോ സാധിക്കില്ല എന്നത് തന്നെ.

അമ്മയുടെ ത്രിക്കണ്ണ് അമ്മയുടെ ഉള്‍ക്കണ്ണ് തുറന്നതിനെ അല്ലേ  സൂചിപ്പിക്കുന്നത്, അറിയേണ്ടതിനെ അറിഞ്ഞു എന്ന് താല്‍പര്യം, മൂന്നാം കണ്ണുകളാല്‍ ആണ് അമ്മ എല്ലാം കാണുന്നു എന്ന് അര്‍ത്ഥം ആകുന്നു.

വളരെ നീണ്ട നാവ്, ചുമന്ന നാവ് തന്റെ വെളുത്ത പല്ലുകളാല്‍ കടിച്ചു നില്‍ക്കുന്ന കാളിയമ്മ, താന്‍ തന്നില്‍ ഉള്ള സാത്വിക ഗുണങ്ങള്‍ തന്നില്‍ ഉള്ള രജോഭാവത്തിനെ കീഴടക്കിയ തപസ്വിനി തന്നെ, കൂടാതെ നീണ്ട നാവ് സൂചിപ്പിക്കുന്നത് താന്‍ യോഗവിദ്യയില്‍ പ്രാവീണ്യം നേടിയവള്‍ എന്നും അര്‍ത്ഥം ആകുന്നു, അമ്മ കേചരീ മുദ്രയിലൂടെ അമൃത് പാനം ചെയ്ത പരമ യോഗിനി എന്നത് തന്നെ അല്ലേ

അമ്മയുടെ കഴുത്തില്‍ കിടക്കുന്ന മുണ്ഢധ മാല അമ്മയുടെ ബുദ്ധിയെ സൂചിപ്പിക്കുന്നു. ബുദ്ധിക്ക് അപ്പുറം വിലസുന്നവള്‍ എന്ന് ചിന്തിക്കാം, കൂടാതെ പറയപ്പെടുന്നു ജീവികള്‍ ഉദയം ചെയ്യുന്നതിന് മുന്‍പേ ദേവി മുണ്ഢന മാല ധരിച്ചിട്ടുണ്ട് എന്നാണ്, അപ്പോള്‍ സകല ജീവികളുടെ മാതാവാണ് കാളിയമ്മ എന്നതല്ലാതെ വേറെ എന്താണ്, അമ്മ പ്രപഞ്ച മാതാവും കൂടി ആണ് എന്ന് ഇതില്‍ നിന്നും മനസ്സിലാക്കാം.

കരം കൊണ്ടുള്ള പാവാടയാണ് അമ്മയുടെ വേഷം, കരം എന്നത് ബലം എന്ന് അര്‍ത്ഥം, അതായത് അമ്മയുടെ മാനം തന്റെ ബലത്താല്‍ സംരക്ഷിക്കപ്പെടുന്നു എന്നല്ലേ.തന്നില്‍ ഉള്ള ശക്തിയാണ് അമ്മയുടെ വസ്ത്രം.

പൊതുവേ അര്‍ധനഗ്ന ആയാണ് കാളിയമ്മയുടെ ചിത്രങ്ങള്‍ കാണപ്പെടുന്നത്, പ്രപഞ്ചം നിറഞ്ഞു നില്‍ക്കുന്ന അമ്മയ്ക്ക് ഏതു വസ്ത്രങ്ങളാല്‍ മറയ്ക്കുവാനാകും.

ഉയര്‍ന്ന മാറിടം അമ്മയുടെ മാതൃത്വത്തെ സൂചിപ്പിക്കുന്നു, തന്റെ ഭക്തരോടുള്ള അഗാധ മാതൃഭാവം.

അമ്മയുടെ കൈകള്‍ നിറയെ ആയുധങ്ങളാണ്, ഓരോരോ ആയുധങ്ങളും അമ്മയുടെ ആത്മീയ ശക്തിയും, ഭൗതീക ശക്തിയും സൂചിപ്പിക്കുന്നു. വിവേകം ആണ് കൈയില്‍ ഉള്ള വാള്‍. സൃഷ്ടിയുടെ പ്രതീകം കൈയില്‍ ഉള്ള ശംഖ്, സ്ഥിതി അമ്മയുടെ കൈയില്‍ ഉള്ള പരിച, അങ്ങനെ അങ്ങനെ പോകുന്നു.

അമ്മയുടെ ഒരു കൈയില്‍ ദാരികന്റെ തലയുണ്ട്, മറ്റൊരു കൈയില്‍ ധാരികന്റെ ചോര ശേഖരിക്കുന്നു അത് പാനം ചെയ്യുവാന്‍, ഒരിക്കലും ചോര കുടിക്കുന്നവള്‍ എന്നല്ല അര്‍ത്ഥം, അഹങ്കാരത്തിന്റെ തലയാണ് അമ്മ അറുത്ത് ഭക്തരെ രക്ഷിക്കുന്നത്, എപ്പോള്‍ അഹങ്കാരം പോകുന്നോ അപ്പോള്‍ അവിടെ നിന്നും അമൃതല്ലേ ഒഴുകുകയുള്ളൂ. അങ്ങനെ നോക്കിയാല്‍ അമ്മ നമ്മളില്‍ നിന്നും ഒഴുകുന്ന അമൃത് കുടിക്കുന്ന ദേവി എന്നു സാരം.

ധാരാളം കൈകള്‍ അമ്മയ്ക്ക് ഉണ്ട്, എന്നാല്‍ പാദങ്ങള്‍ രണ്ടെണ്ണവും, പാദങ്ങള്‍ അമ്മയുടെ സത്യവും ധര്‍മ്മവും ആണ് സൂചിപ്പിക്കുന്നത്, അമ്മയില്‍ നിന്ന് ഭൗതീക നേട്ടം ആഗ്രഹിക്കുന്നവര്‍ അമ്മയുടെ കൈകളെയാണ് ആശ്രയിക്കുന്നത് എന്ന് അര്‍ത്ഥം, അപ്പോള്‍ അമ്മ അതാത് കൈകളാല്‍ അനുഗ്രഹിക്കുന്നു, എന്നാല്‍ സത്യവും ധര്‍മ്മവും മാത്രം ആശ്രയിക്കുന്ന ഉത്തമ ഭക്തര്‍ അമ്മയുടെ പാദാരവിന്ദം ആണ് ആശ്രയിക്കുന്നത്, അപ്പോള്‍ എന്തു സംഭവിക്കുന്നു, അമ്മയുടെ കൈകള്‍ എല്ലാം അവനില്‍ അനുഗ്രഹം ചൊരിയുന്നു.

അമ്മയുടെ പാദങ്ങള്‍ ചലനാത്മകം ആയി കാണപ്പടുന്നു, അമ്മയുടെ ഒരു പാദം പരമശിവത്തെ മാറിലാണ് ചവുട്ടി നില്‍ക്കുന്നത്,ഇവിടെ പരമശിവന്‍ നിശ്ചല ബ്രഹ്മം തന്നെയാണ്, ബ്രഹ്മത്തില്‍ നിന്നും ഉണ്ടായ പ്രകൃതി,ചലനാത്മകം ആയ പ്രകൃതി തന്നെയല്ലേ മഹാമായ ആയ കാളി മാതാവ്.
ഇങ്ങനെ നോക്കുമ്പോള്‍ കാളിയമ്മയുടെ തത്വം ശരിക്കും അദ്വൈത ബോധം നല്‍കുന്ന ഒരു മഹാ സങ്കല്‍പം തന്നെയല്ലേ.

അമ്മ ആയി കണ്ടാലും, ബ്രഹ്മത്തില്‍ നിന്നുണ്ടായ പ്രകൃതി ആയി കണ്ടാലും അത് നമ്മളില്‍ ആത്മീയ ഉണര്‍വ്വ് ഉണ്ടാക്കുന്നു എന്നത് തന്നെയാണ് നമ്മളില്‍ സംഭവിക്കുന്നത

0 comments:

Post a Comment

Popular Posts

Categories

Text Widget

Blog Archive

Search This Blog

Powered by Blogger.

Blogger Pages

Total Pageviews

Text Widget

സുഹൃത്തെ , ഈ പേജിൽ കാണുന്ന കഥകൾ എനിക്ക് പല ഓണ്‍ലൈൻ മീഡിയ യിൽ നിന്നും കിട്ടിയതാണ്.അഭിപ്രായങ്ങളും നിർദേശങ്ങളും അറിയിക്കുക

Subscribe Us

മഹാഭാരതകഥകൾ

Followers

All Time Popular

Copyright © ഹിന്ദു പുരാണവും ഐതീഹ്യവും കഥകളും | Powered by Blogger
Design by Saeed Salam | Blogger Theme by NewBloggerThemes.com | Distributed By Gooyaabi Templates